2013 ജൂലൈ 9, ചൊവ്വാഴ്ച

സകാത്തിന്റെ ദര്‍ശനം

അല്ലാഹു ഏകനാണ്, എല്ലാ അധികാരങ്ങളും മൗലികമായി അവനില്‍ നിക്ഷിപ്തമാണ്, അവനെ മാത്രമേ ആരാധിക്കാവൂ എന്നതില്‍ നിന്നാണ് ഇസ്‌ലാമിന്റെ ആത്മീയ ദര്‍ശനം ഉത്ഭവിക്കുന്നത്. 'അവനാണ് ഹാകിം' (നിയമദാതാവ്) എന്ന കാഴ്ചപ്പാടാണ് ഇസ്‌ലാമിന്റെ രാഷ്ട്രീയ ദര്‍ശനമായി വികസിച്ചത്. അവനാണ് വിഭവദാതാവ് (റാസിഖ്) എന്ന സത്യം സാമ്പത്തിക ദര്‍ശനമായും വികസിച്ചു വന്നു.
 
ഇസ്‌ലാമിക സമ്പദ് ദര്‍ശനത്തിന്റെ ഭാഗമാണ് 'സകാത്ത്'. സകാത്ത് എന്ന ഏക ബാധ്യതയല്ല ഇസ്‌ലാം ചുമത്തുന്നത്. ഇസ്‌ലാമിന്റെ സമ്പദ് ദര്‍ശനത്തിന്റെ പല അധ്യായങ്ങളില്‍ ഒരു അധ്യായം മാത്രമാണ് സകാത്ത്. സകാത്ത് ദര്‍ശനമായി മനസ്സിലാക്കുകയും തൗഹീദുമായുള്ള അതിന്റെ ബന്ധം ദൃഢീകരിക്കപ്പെടുകയും ചെയ്യുന്നതിലൂടെ മാത്രമേ ഭൂമിയില്‍ അതിനു വേരുകള്‍ ആഴ്ത്താന്‍ സാധിക്കുകയുള്ളൂ.
 
തൗഹീദിന്റെ സമ്പദ് ദര്‍ശനവും ശിര്‍ക്കിന്റെ (ബഹുദൈവികത) സമ്പദ് ദര്‍ശനവും തമ്മിലുള്ള സംഘര്‍ഷത്തിന് ഏറെ പഴക്കമുണ്ട്. ശുഐബ് നബി(അ) ശിര്‍ക്കിന്റെ അടിസ്ഥാനത്തിലുള്ള സമ്പദ്ഘടനയോട് ഏറ്റുമുട്ടിയ പ്രവാചകനാണ്. അദ്ദേഹവും ജനതയും തമ്മിലുള്ള സംവാദം ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം. ''ഹേ! ശുഐബേ, നമ്മുടെ പൂര്‍വികര്‍ ആരാധിച്ചുകൊണ്ടിരുന്ന ദൈവങ്ങളെയൊക്കെ നമ്മള്‍ ഉപേക്ഷിക്കണമെന്ന് നിന്നെ പഠിപ്പിക്കുന്നത് നിന്റെ നമസ്‌കാരമാണോ? അഥവാ നമ്മുടെ ധനം നമ്മുടെ ഇഷ്ടാനുസാരം കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമില്ലെന്ന് പഠിപ്പിക്കുന്നത്? ഓ, നീ വലിയ വിവേകശാലിയും സന്മാര്‍ഗകുതുകിയും തന്നെ!'' (ഹൂദ്  87).
 
തൗഹീദീ ദര്‍ശനത്തിന്റെ ഇരുമുഖങ്ങളാണ് ഈ സംവാദത്തില്‍ വെളിപ്പെടുന്നത്. ഒന്ന്, ആരാധനാ ദര്‍ശനം. രണ്ട്, സമ്പദ് ദര്‍ശനം. 'ധനം നമ്മുടെ ഇഷ്ടാനുസാരം' എന്ന ശിര്‍ക്കിലായിരുന്നു ശുഐബിന്റെ ജനത. 'അല്ലാഹുവിന്റെ ഇഷ്ടാനുസാരം' എന്ന തൗഹീദിലേക്കാണ് അവരെ ശുഐബ് നബി ക്ഷണിച്ചത്.
 
അല്ലാഹു 'റാസിഖ്' (വിഭവദാതാവ്) ആണ്. മുഴുവന്‍ വിഭവങ്ങളുടെയും മേലധികാരി അവനാണ്. ദൈവതാല്‍പര്യത്തിന് വിധേയനാകാന്‍ ഓരോ സമ്പന്നനും ബാധ്യസ്ഥനാണ്. മുതലാളിത്തം മൂലധന താല്‍പര്യത്തിന് വഴങ്ങുന്ന ജനതയെയാണ് സൃഷ്ടിക്കുന്നത്. ആഗോള സമ്പദ്ഘടന ഇന്ന് മുതലാളിത്തമാകുന്ന ശിര്‍ക്കന്‍ വ്യവസ്ഥക്ക് വിധേയമാണ്. അവിടെ ദരിദ്രന് പൗരത്വമില്ല. ജനങ്ങള്‍ക്ക് പൊതുവായ അവകാശങ്ങളില്ല. വായു, വെള്ളം, വിറക്, ഭൂമി, വനം തുടങ്ങിയവയെല്ലാം തന്നെ മുതലാളിത്ത മേല്‍ക്കോയ്മക്ക് വിധേയപ്പെട്ടിരിക്കണം. ഈ മേല്‍ക്കോയ്മയെ തകര്‍ക്കുകയാണ് സാമ്പത്തിക തൗഹീദിന്റെ വിപ്ലവ ഉന്നം.
 
സാമ്പത്തിക വിഷയത്തിലെ ദൈവ താല്‍പര്യം എന്നത് കൊണ്ട് ഇസ്‌ലാം ഉദ്ദേശിക്കുന്നത് ആരാധനാലയ നിലവറകളിലെ നിക്ഷേപ വര്‍ധനവല്ല. ഒരു ആരാധനാലയത്തോടൊപ്പവും ഒരു നിലവറയും ഇസ്‌ലാം സ്ഥാപിച്ചിട്ടില്ല. ദൈനംദിനം  ലക്ഷങ്ങള്‍ ആരാധനക്കെത്തുന്ന മക്കയിലെ പള്ളിയിലും മദീനാ പള്ളിയിലും ഒരു നേര്‍ച്ചക്കുറ്റി പോലും ഇസ്‌ലാം സ്ഥാപിച്ചിട്ടില്ല. തൗഹീദ് മുമ്പോട്ട് വെക്കുന്ന ധനത്തിലെ ദൈവതാല്‍പര്യം മൗലികമായി ജനതാല്‍പര്യം തന്നെയാണ്. ധനത്തിലെ ദൈവാധികാരപ്രയോഗം ജനാധികാരത്തെയാണ് ഉറപ്പു വരുത്തുന്നത്. അഥവാ മുതലാളിത്തം ധനത്തില്‍ മൂലധന ശക്തികളുടെ ആധിപത്യം ഉറപ്പിക്കുമ്പോള്‍ തൗഹീദ് ധനത്തില്‍ ജനതാല്‍പര്യം രാഷ്ട്രീയമായിത്തന്നെ സാക്ഷാല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. 
 
ജനതാല്‍പര്യം നിഷേധിക്കാന്‍ ഒരുമ്പെട്ട തോട്ടം മുതലാളിയുടെ ഒരു കഥയുണ്ട് ഖുര്‍ആനില്‍. 18-ാം അധ്യായമായ അല്‍ കഹ്ഫിലാണ് അതുള്ളത്. തോട്ടം മുതലാളി ധനാഢ്യത പ്രകടിപ്പിച്ചു. സുഹൃത്തിന്റെ മുമ്പാകെ തന്റെ ധനദര്‍ശനം അവതരിപ്പിച്ചു. 'ഈ സമ്പത്ത് എന്നെങ്കിലും നശിക്കുമെന്ന് ഞാന്‍ കരുതുന്നില്ല' എന്നായിരുന്നു ആ ദര്‍ശനത്തിന്റെ കാതല്‍. സുഹൃത്ത് അയാളെ ഓര്‍മിപ്പിച്ചത് 'അല്ലാഹുവിന് പങ്കാളിയെ വെക്കരുത്' എന്നായിരുന്നു. തന്റെ ദര്‍ശനത്തെ കാറ്റില്‍ പറത്തി തോട്ടം നശിച്ചപ്പോള്‍ മുതലാളി വിലപിച്ചത് 'ഹാ! കഷ്ടം, ഞാന്‍ എന്റെ ദൈവത്തിന് ആരെയും പങ്കാളിയാക്കിയിട്ടില്ലായിരുന്നുവെങ്കില്‍' എന്നായിരുന്നു. രക്ഷാധികാരം അല്ലാഹുവിന് മാത്രം എന്ന പ്രസ്താവനയോടെയാണ് പ്രസ്തുത വിവരണത്തിന് അല്ലാഹു വിരാമം കുറിക്കുന്നത് (അല്‍കഹ്ഫ് 42-44).
 
ധനദര്‍ശനത്തിലെ തൗഹീദും ശിര്‍ക്കും എന്താണെന്ന് പഠിക്കാന്‍ പ്രസ്തുത വിവരണം ഏറെ സഹായകമാണ്. ധനസ്രോതസ്സുകളെ തനിക്കാക്കി സ്വകാര്യവത്കരിക്കുന്നതിനു പകരം ദൈവത്തിനാക്കി പൊതുവല്‍ക്കരിക്കുന്നിടത്താണ് തൗഹീദിന്റെ പ്രയോഗം നാം കാണുന്നത്. അല്‍ഖലം അധ്യായത്തിലെ 17 മുതല്‍ 33 വരെയുള്ള വാക്യങ്ങള്‍ മറ്റൊരു തോട്ടം മുതലാളി സമൂഹത്തെ വിശകലനം ചെയ്യുന്നുണ്ട്. അവരുടെ നിലപാട് തങ്ങളുടെ തോട്ടങ്ങളില്‍ ദരിദ്രര്‍ക്ക് പ്രവേശനമില്ല എന്നായിരുന്നു. അവരുടെ തോട്ടം തുടര്‍ന്ന് സര്‍വനാശമടഞ്ഞു. പിന്നീട് അവരുടെ വിലാപമായി ഖുര്‍ആന്‍ പറയുന്നത്, 'ഞങ്ങള്‍ അക്രമികളായിപ്പോയി, പരിധി വിട്ടുപോയി' എന്നാണ്. കൊടിയ അക്രമം ശിര്‍ക്കാണെന്ന് ഖുര്‍ആന്‍ വേറെ പഠിപ്പിക്കുന്നുണ്ട്.
 
സകാത്ത് നല്‍കാതിരിക്കല്‍ മുശ്‌രിക്കുകളുടെ ലക്ഷണമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ അധ്യായം 41 (ഫുസ്സ്വിലത്ത്) 6,7 വാക്യങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
 
തൗഹീദീ ദര്‍ശനത്തില്‍കൂടി വേണം സകാത്ത് എന്ന ധനത്തിലെ പൊതു ഓഹരിയെ സമീപിക്കാന്‍. കറന്‍സി, ബിസിനസ്, ശമ്പളം, കൂലി തുടങ്ങിയ വരുമാനങ്ങള്‍ക്ക് സകാത്ത് ബാധകമാവുമ്പോള്‍ ആ ഓഹരി രണ്ടര ശതമാനമാണ്. കൃഷി ഉല്‍പന്നം, വാടക വരുമാനം, ഫാക്ടറി ഉല്‍പന്നം, ട്രാന്‍സ്‌പോര്‍ട്ട് വരുമാനം എന്നിങ്ങനെ അടിസ്ഥാന മൂലധനം സകാത്ത് വിമുക്തമാക്കപ്പെടുന്ന വരുമാനങ്ങള്‍ക്ക് മാത്രം സകാത്ത് ബാധകമാവുന്നിടത്ത് ആ ഓഹരി 5 ശതമാനമാണ്. ഈ രണ്ടരയും 5-ഉം ദൈവത്തിന് ഹിതമായ പൊതു ഓഹരിയാണ്. അതിന്റെ നിഷേധം ദൈവാധികാര നിഷേധമാണ്. പ്രയോഗത്തിലത് സാമൂഹിക പുരോഗതിക്കെതിരായ പ്രതിലോമ നിലപാടുമാണ്.
 
സകാത്ത് ഓഹരി മിനിമമാണ്. സകാത്തിനു പുറമെ ഫൈഅ്, ഗനീമ, സ്വദഖ, ഹദ്‌യ, കഫ്ഫാറ, ഫിദ്‌യ തുടങ്ങിയ നിരവധി ഓഹരികള്‍ ഖുര്‍ആന്‍ നിശ്ചയിച്ചത് വേറെയുമുണ്ട്. ഫിത്വ്ര്‍ സകാത്ത്, ഉദ്ഹിയ്യത്ത് തുടങ്ങിയവയും പൊതു സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ഓഹരികള്‍ തന്നെയാണ്. വളരെ വിപുലമായ മറ്റൊരു ഓഹരിയാണ് ഇന്‍ഫാഖ്. അതിനു പരിധിയില്ല. സമൂഹത്തിന്റെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിന് എത്ര അളവില്‍ വേണ്ടതുണ്ടോ അത്രയും അളവില്‍ ഇന്‍ഫാഖ് ചെയ്യാന്‍ ഇസ്‌ലാമിക സമൂഹം ബാധ്യസ്ഥമാണ്. ആ വാക്കിന് 'ചെലവഴിക്കല്‍' എന്നാണ് ഭാഷാര്‍ഥം.  
 
തൗഹീദീ ദര്‍ശനത്തിലൂടെ ഇന്‍ഫാഖ് മനസ്സിലാക്കപ്പെടുമ്പോള്‍ മാത്രമാണ് അതിന്റെ പ്രയോജനം സമൂഹത്തില്‍ ലഭിക്കുകയുള്ളൂ. അല്‍ബഖറ അധ്യായത്തിലെ 3-ാം വാക്യത്തില്‍ അദൃശ്യ വിശ്വാസം, നമസ്‌കാരം, ഇന്‍ഫാഖ് എന്നീ മൂന്ന് കാര്യങ്ങളും ഒരേ ശൃംഖലയില്‍ ചേര്‍ത്തുവെച്ചത് കാണാം. അതില്‍ നിന്നു തന്നെ അതിന്റെ മൗലിക സ്വഭാവം ഗ്രഹിക്കാവുന്നതാണ്. പ്രസ്തുത അധ്യായത്തില്‍ തന്നെ ബിര്‍റ് (പുണ്യം) വിശദീകരിക്കുന്ന ഒരു ഭാഗമുണ്ട് (വാക്യം 177). അവിടെ സകാത്തിന്റെ മുന്നോടിയായി വിശ്വാസ കാര്യങ്ങള്‍ പറഞ്ഞതിന് തൊട്ടുടനെ 'ബന്ധുക്കള്‍ക്കും അനാഥര്‍ക്കും ദരിദ്രര്‍ക്കും വഴിയാധാരമായവര്‍ക്കും ചോദിച്ചു വരുന്നവര്‍ക്കും അടിമവിമോചന വഴിയിലും ധനം മനഃസന്തോഷത്തോടെ ചെലവഴിക്കുക' എന്ന കാര്യം പറഞ്ഞു വെച്ചതും ശ്രദ്ധേയമാണ്. സകാത്ത് എന്ന നിര്‍ണിത ഓഹരിക്കപ്പുറമുള്ള ബാധ്യതയാണ് ആ വാക്യത്തില്‍ വിശദീകരിച്ചതെന്ന് വാക്യഘടനകൊണ്ടു തന്നെ സുവ്യക്തമാണ്.
 
ആലു ഇംറാന്‍ 92-ാം വാക്യം പറയുന്നത് അവരവരുടെ ഇഷ്ടധനം ചെലവഴിക്കുന്നതു വരെ പുണ്യം പ്രാപിക്കുകയില്ലെന്നാണ്. അപ്പോള്‍ 'ഇഷ്ടത്തോടെ ഇഷ്ടധനം ചെലവഴിക്കുക' എന്ന വളരെ വിപ്ലവകരമായ സാമ്പത്തിക ധര്‍മമാണ് ഇന്‍ഫാഖിന്റെ ഇനത്തില്‍ ഖുര്‍ആന്‍ സമര്‍പിക്കുന്നതെന്ന് വ്യക്തമാണ്.
 
അല്‍ഹദീദ് 10-ാം വാക്യത്തില്‍ ഇങ്ങനെ വായിക്കാം. ''ആകാശ ഭൂമികളുടെ അടിസ്ഥാനാവകാശം അല്ലാഹുവിനുള്ളതാണെന്നിരിക്കെ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്തുണ്ട് ന്യായം?'' ധനത്തിന്റെ മേലുള്ള സമ്പൂര്‍ണ ദൈവാധികാരമാണ് ഈ വാക്യം വ്യക്തമായി പ്രഖ്യാപിക്കുന്നത്. ആ അധികാരത്തിന്റെ പ്രയോഗമാണ് ഇന്‍ഫാഖ് എന്ന് സന്ദര്‍ഭത്തില്‍ നിന്ന് മനസ്സിലാക്കാനാവും. എന്താണ് ചെലവഴിക്കേണ്ടത് എന്ന ചോദ്യത്തിന് മിച്ചമുള്ളതെല്ലാം ചെലവഴിക്കുക എന്ന ആഹ്വാനമാണ് ഖുര്‍ആന്‍ നല്‍കുന്നത് (ഖുര്‍ആന്‍ 2:219).
 
സകാത്ത് സമൂഹത്തില്‍ ഇപ്പോള്‍ ഭാഗികമായേ നിലനില്‍ക്കുന്നുള്ളൂ. ഇന്‍ഫാഖ് ഒരു പരിധി വരെ മറഞ്ഞ് കിടക്കുകയാണ്. അഥവാ ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞ് കിടക്കുകയാണ്. വിപ്ലവ പുരോഗമന സ്വഭാവമുള്ള ഇസ്‌ലാമിക കൂട്ടായ്മകള്‍ പോലും ഇതിനെ തൗഹീദീ പ്രശ്‌നമായി കാണുന്നില്ല എന്നതാണ് മുഖ്യ കാരണം. പ്രാര്‍ഥനാ വ്യതിയാനത്തെ നാം തിരുത്തിയത് തൗഹീദ്-ശിര്‍ക്ക് സംവാദത്തിലൂടെയാണ്. രാഷ്ട്രീയ വ്യതിചലനത്തെ ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തിരുത്തിയതും തൗഹീദ്-ശിര്‍ക്ക് സംവാദം വഴിയാണ്. ധനമേഖലയിലെ കൊടിയ ശിര്‍ക്ക് കാണാതെ പോകുന്നത് അപരാധം തന്നെ. മുതലാളിത്ത യുഗത്തെ മൗലികമായി നേരിടേണ്ടത് സകാത്തിന്റെ ദര്‍ശനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. ഇസ്‌ലാമിക സമൂഹത്തെ ആഭ്യന്തരമായും മനുഷ്യ സമൂഹത്തെ പൊതുവിലും ഈ ദര്‍ശനബോധ്യത്തിലേക്ക് കൊണ്ടുവരാന്‍ യത്‌നിക്കേണ്ടത് കാലഘട്ടത്തിന്റെ നവോത്ഥാന ധര്‍മമാണ്. 

2013 ജൂൺ 29, ശനിയാഴ്‌ച

നബിയേ മാപ്പ്...<അര്‍നോഡ് വാന്‍ ഡൂണ്‍.))))..)>

സങ്കുചിത ദേശീയതയുടെ അസ്തിവാരത്തില്‍ 2005-ല്‍ സ്ഥാപിതമായ തീവ്ര വലതുപക്ഷ രാഷ്ട്രീയ സംഘടനയാണ് നെതര്‍ലാന്‍ഡിലെ ഫ്രീഡം പാര്‍ട്ടി. മറ്റു ആശയങ്ങളെ ഒരിക്കലും സഹിക്കാനോ പൊറുപ്പിക്കാനോ കഴിയാത്ത ഗീര്‍ട്ട് വില്‍ഡേഴ്‌സ് എന്ന വലതുപക്ഷ നേതാവ്, തന്നെ പാര്‍ലമെന്റിലേക്ക് ജയിപ്പിച്ച മതേതര മുന്നണയില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് പാര്‍ലമെന്റില്‍ വില്‍ഡേഴ്‌സ് കക്ഷി എന്ന പേരില്‍ ഏകാംഗമായി നിലകൊള്ളുകയും ഫ്രീഡം പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു. 2006-ലെ ദേശീയ തെരഞ്ഞെടുപ്പില്‍ 150ല്‍ ഒമ്പത് സീറ്റ് പാര്‍ട്ടി കരസ്ഥമാക്കി. 2009-ലെ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 25ല്‍ നാല് സീറ്റുകള്‍ കരസ്ഥമാക്കി രാഷ്ട്രീയത്തില്‍ ഒരു ചുവടുകൂടി മുന്നോട്ടുവെച്ചു. 2010-ലെ ദേശീയ തെരഞ്ഞെടുപ്പില്‍ 24 സീറ്റുകളില്‍ വിജയിച്ച് രാജ്യത്തെ മൂന്നാമത്തെ കക്ഷിയായി പാര്‍ട്ടി വളരുകയും ഈ പാര്‍ട്ടിയുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്തു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാത്തുസൂക്ഷിക്കുന്ന നൈതികതകളെ തിരസ്‌കരിച്ച് കുടിയേറ്റക്കാര്‍ക്കെതിരെ പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കെതിരെ തിരിഞ്ഞ പാര്‍ട്ടി, ഇസ്‌ലാമിനെ അതിരൂക്ഷമായി ഫാഷിസ്റ്റ് ശൈലിയില്‍ എതിര്‍ക്കാന്‍ തുടങ്ങി. മുസ്‌ലിംകള്‍ നെതര്‍ലാന്റില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, അതിനാല്‍ രാജ്യത്ത് പാശ്ചാത്യനാടുകളില്‍ നിന്നല്ലാതെ കുടിയേറ്റക്കാര്‍ പാടില്ലെന്നും, ജൂത- ക്രൈസ്തവ പാരമ്പര്യമാണ് അംഗീകരിക്കപ്പെടേണ്ടതെന്നും, മറ്റു സംസ്‌കാരങ്ങള്‍ നാട്ടില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണെന്നും മുസ്‌ലിംകളുടെ ശിരോവസ്ത്രം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു.

2008-ല്‍ ഫ്രീഡം പാര്‍ട്ടി 'ഫിത്‌ന' എന്ന പേരില്‍ ഇസ്‌ലാമിനെ അധിക്ഷേപിക്കുന്ന ഹ്രസ്വ സിനിമയിറക്കി. ലോകവ്യാപകമായ പ്രതിഷേധം നേരിട്ടു ആ സിനിമ. ഇസ്‌ലാം എന്നത് ഭീകരത പ്രോത്സാഹിപ്പിക്കുന്ന, സെമിറ്റിക് മതങ്ങളെ വെറുക്കുന്ന, സത്രീവിരുദ്ധമായ, ലൈംഗികസ്വാതന്ത്ര്യത്തെ അംഗീകരിക്കാത്ത, ആഗോള ഇസ്‌ലാമിനെ പ്രചരിപ്പിക്കുന്ന ഭയാനകമായ ഒരു പ്രത്യയശാസ്ത്രമാണെന്നും ഖുര്‍ആന്‍ എന്നത് ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാഫിന് തുല്യമാണെന്നും അത് നെതര്‍ലാന്‍ഡ്‌സിന് എത്രമാത്രം ഭീഷണിയാണെന്നുമുള്ള സന്ദേശമായിരുന്നു സിനിമയില്‍. മുസ്‌ലിംകള്‍ക്കെതിരെ ഭരണകൂടത്തെ ബോധവല്‍ക്കരിക്കാനായി പ്രസ്തുത സിനിമ എല്ലാ യൂറോപ്യന്‍ പാര്‍ലമെന്റുകളിലും പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചു. ഈ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു, ഫ്രീഡം പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം കൂടിയായിരുന്ന അര്‍നോഡ് വാന്‍ ഡൂണ്‍. പാര്‍ട്ടിയുടെ ഇസ്‌ലാംവിരുദ്ധ കാമ്പയിന്റെ മുഖ്യ കാര്‍മികരിലൊരാളായ ഡൂണിനെ, ലോകത്തുള്ള മുസ്‌ലിംകള്‍ ഒന്നടങ്കം പ്രകോപിതരാകാന്‍ മാത്രം തങ്ങളുടെ സിനിമ കാരണമാകുന്നതെങ്ങനെയെന്ന ചിന്ത മറ്റൊരു അന്വേഷണത്തിന് പ്രേരിപ്പിച്ചു. പിന്നെ ഇസ്‌ലാമിനെ അതിന്റെ അടിസ്ഥാന പ്രമാണങ്ങളിലൂടെ പഠിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പഠനത്തോടൊപ്പം തികട്ടിവരുന്ന ചിന്തകളെ മുസ്‌ലിംകളുമായി അദ്ദേഹം പങ്കുവെച്ചു. വ്യക്തി തലത്തില്‍ അവരുമായി നിരവധി സംവാദങ്ങള്‍ നടത്തി. സ്വീകരിക്കാനാണെങ്കിലും എതിര്‍ക്കാനാണെങ്കിലും കേട്ടറിവിനും കോലാഹലങ്ങള്‍ക്കുമപ്പുറം വിഷയത്തെ സത്യസന്ധമായി സമീപിക്കുക എന്നത് ഡൂണിന്റെ പ്രകൃതമായിരുന്നു. അങ്ങനെയാണ് ഇസ്‌ലാം വിരുദ്ധ കാമ്പയിനും സിനിമയും ആഗോളതലത്തില്‍ കത്തിനില്‍ക്കുന്നതിനിടയില്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനും മുസ്‌ലിംകളുമായി ആശയസംവാദം നടത്താനും സാധിച്ചത്.

ഒരു വര്‍ഷം നീണ്ട, അദ്ദേഹത്തിന്റെ ഇസ്‌ലാം അന്വേഷണത്തിനൊടുവില്‍ ഹേഗ് നഗരസഭാ കൗണ്‍സിലിലെ തന്റെ സഹപ്രവര്‍ത്തകനായ അബൂ ഖുലാനിയാണ് അദ്ദേഹത്തെ പ്രദേശത്തെ പള്ളിയുമായി ബന്ധപ്പെടുത്തിയത്. തന്റെ പാര്‍ട്ടിയുടെ തന്നെ ശക്തമായ ഇസ്‌ലാം വിരുദ്ധകാമ്പയിനാണ് തന്നെ ഇസ്‌ലാമിലെത്തിച്ചതെന്നാണ് ഡൂണ്‍ പറയുന്നത്.

തന്റെ തീരുമാനത്തെക്കുറിച്ച് ഡൂണ്‍ പറയുന്നു: ''എന്റെ തീരുമാനം ഒരു വലിയ തീരുമാനമാണെന്നെനിക്കറിയാം. ഈ തീരുമാനം തീര്‍ത്തും വ്യക്തിപരമാണ്. അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയ സത്യത്തെ എനിക്കിനി ഉപേക്ഷിക്കാന്‍ കഴിയില്ല. എന്നെ അറിയുന്ന മഹാഭൂരിപക്ഷത്തിനും അവിശ്വസനീയമാണീ വാര്‍ത്ത.'' മാസം മുമ്പെ തന്റെ ട്വിറ്ററില്‍ ഡൂണ്‍ ഇങ്ങിനെ കുറിച്ചിട്ടു. 'ഇതൊരു പുതിയ തുടക്കമാണ്.' പിന്നെ ട്വിറ്ററിലൂടെ തന്നെ തന്റെ സത്യസാക്ഷ്യത്തിന്റെ വാക്കുകള്‍ അറബിയില്‍ പ്രഖ്യാപിച്ചു. ഫ്രീഡം പാര്‍ട്ടി വാര്‍ത്ത തമസ്‌കരിക്കാന്‍ ശ്രമിച്ചു. പക്ഷെ തന്റെ എഴുത്തുകളെ അവിശ്വസിച്ചവരുടെ മുന്നിലേക്ക് പിന്നീട് കാര്യങ്ങള്‍ തുറന്നുപറയാന്‍ അദ്ദേഹം ഇറങ്ങി വന്നു.

ഇസ്‌ലാമിനെ പരാജയപ്പെടുത്താനായി അഹോരാത്രം ഇസ്‌ലാംപേടി പ്രചാരണം നടത്തുന്ന ഒരു പാര്‍ട്ടി വ്യവസ്ഥയില്‍നിന്ന് താന്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആശയത്തില്‍ ആകൃഷ്ടനാവുക എന്നത് പൊതുസമൂഹത്തിനത്ര എളുപ്പത്തില്‍ ഉള്‍കൊള്ളാനാകില്ല. അതിനാല്‍ അദ്ദേഹത്തിന്റെ ഇസ്‌ലാം പ്രഖ്യാപനം സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. ശത്രുപക്ഷം ചേര്‍ന്ന രാജ്യദ്രോഹിയെന്നും വഞ്ചകനെന്നും ചിലര്‍ വിളിക്കുമ്പോള്‍ മറ്റൊരു പക്ഷം പറയുന്നത് തീരുമാനം ബുദ്ധിപൂര്‍വകം എന്നാണ്. മതേതര ഡച്ച് രാഷ്ട്രീയക്കാരെ സംബന്ധിച്ചേടത്തോളം ഡൂണിന്റെ ഇസ്‌ലാം ആശ്ലേഷം ശരിയായ ജീവിത പാതയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിഞ്ഞുനടക്കലാണ്.ഫ്രീഡം പാര്‍ട്ടിയെ ഉപേക്ഷിച്ച ഡൂണ്‍ ഇന്ന് ഹേഗ് നഗരസഭയിലെ പ്രാദേശിക ഉപദേഷ്ടാവാണ്. ജോലിസമയത്ത് തന്റെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അനുഷ്ഠിക്കാനുള്ള സൗകര്യം തരണമെന്ന് മേയറെ ഡൂണ്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഡൂണ്‍ പറയുന്നു: 'എന്റെ പാര്‍ട്ടിയുടെ കടുത്ത ഇസ്‌ലാംവിരുദ്ധത എന്നെ സംശയാലുവാക്കി. അങ്ങനെയാണ് ഞാന്‍ ഇസ്‌ലാമിനെ അന്വേഷിക്കാനും പഠിക്കാനും തീരുമാനിച്ചത്. എന്റെ അന്വേഷണം പാഴാകാതെ അതെന്നെ ഇസ്‌ലാമിന്റെ സാന്ത്വന തീരത്തെത്തിച്ചു.''


ഇസ്‌ലാമിനെ ഇല്ലായ്മചെയ്യാന്‍ ഇന്നലെകളില്‍ ഒരു ഫാഷിസ്റ്റ് സംഘടനയുടെ ഭാഗവും ചാലകവുമായതില്‍ എന്തു തോന്നുന്നു എന്നതിന് ഡൂണിന്റെ മറുപടി: ''ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അടഞ്ഞ ഒരധ്യായമാണത്. മറ്റുള്ളവരെപ്പോലെ താനും ജീവിതത്തില്‍ ധാരാളം തെറ്റുകളും അതിക്രമങ്ങളും ചെയ്തു. തെറ്റുകളില്‍നിന്ന് ഞാന്‍ ധാരാളം പഠിച്ചു. ഈ പുതിയ തുടക്കം ഇനിയും ധാരാളം പഠിക്കാനും അറിയാനുമുള്ള അവസരം കൂടിയാണ്.''



രണ്ട് മാസം മുമ്പ് ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയ ഡൂണ്‍, മദീനാ പള്ളിയും അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ഖബ്‌റിടവും സന്ദര്‍ശിച്ച അവസരത്തില്‍ റൗദാശരീഫിലിരുന്ന് വിതുമ്പി. താനിത്രയും കാലം ശത്രുവിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച് തോല്‍പ്പിക്കാന്‍ ശ്രമിച്ച ആ ദൈവദൂതന്റെ സന്നിധിയില്‍ താനിതാ എത്തിയിരിക്കുന്നു. മനുഷ്യ നാഗരികതയുടെ പുനഃസൃഷ്ടിപ്പിനും ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കാനും അദ്ദേഹം നേതൃത്വം കൊടുത്ത പള്ളിയാണിത്. ദൈവിക ദൗത്യം പൂര്‍ത്തീകരിച്ച് വിടവാങ്ങിയ പ്രവാചകന്റെ ഭൗതികശരീരം തന്റെ ഏറ്റവും അടുത്ത രണ്ടനുചരന്മാരോടൊപ്പം അന്ത്യവിശ്രമം കൊള്ളുന്ന ഇടം നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹത്തിന് തന്റെ വികാരങ്ങള്‍ പിടിച്ചുവെക്കാനായില്ല. അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ''നബിയേ മാപ്പ്... മാപ്പ്''



അജ്ഞതയുടെ അന്ധകാരത്തിലിരുന്നാണല്ലോ താനീ പ്രവാചകനെയും ഇസ്‌ലാമിനെയും ലോകത്തിനു മുന്നില്‍ അവഹേളിക്കാന്‍ ശ്രമിച്ചത്. അതിനാല്‍, ''പ്രവാചകരേ, അറിവില്ലായ്മയാല്‍ ചെയ്തുപോയ തെറ്റിന് മാപ്പ്. അങ്ങയില്‍ പ്രപഞ്ചസ്രഷ്ടാവിന്റെ രക്ഷയും സമാധാനവും സദാ വര്‍ഷിക്കുമാറാകട്ടെ.''



പുണ്യഭൂമി സന്ദര്‍ശിക്കാന്‍ കഴിഞ്ഞുവെന്നത് ജീവിതത്തില്‍ ഒരിക്കല്‍പോലും നിനക്കാത്ത അസുലഭ സൗഭാഗ്യമാണ്. ഈ വിശുദ്ധഭൂമിയില്‍ താങ്കളൊരിക്കല്‍ കാല്‍കുത്തുമെന്ന് നേരത്തെ തന്നോടാരെങ്കിലും പറഞ്ഞാല്‍ താനവനെ ഭ്രാന്തനെന്ന് വിളിക്കുമായിരുന്നു. എന്നാല്‍ ഇന്നിതാ പ്രവാചകസന്നിധിയില്‍ നില്‍ക്കുമ്പോള്‍ താനിന്ന് സ്വര്‍ഗത്തിലാണെന്ന തോന്നല്‍ മനസ്സിനെയെന്നപോലെ കണ്ണുകളെയും നിറക്കുന്നു.



''പ്രവാചകനെ നെഞ്ചിലേറ്റിയ മുസ്‌ലിം ലോകം അദ്ദേഹത്തെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നും, അറിവില്ലായ്മയും മുന്‍വിധിയുംകൊണ്ട് ലോകം എപ്രകാരമാണ് ഈ പ്രവാചകനെ തങ്ങളുടെ ശത്രുവായി ഗണിക്കുന്നതെന്നും എനിക്ക് നന്നായി ബോദ്ധ്യപ്പെട്ടു. എന്റെ കഴിഞ്ഞകാല ചെയ്തികള്‍ ഇസ്‌ലാമിനേല്‍പ്പിച്ച കേടുകള്‍ തീര്‍ക്കുന്ന ജോലിയായിരിക്കും എനിക്കിനി ചെയ്യാനുള്ളത്. ഈ തിരിച്ചറിവില്‍ ഇനി ഞാനെന്റെ ശിഷ്ടജീവിതം അതിനായി സമര്‍പ്പിക്കുന്നു.''



ടൊറണ്ടോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് സെന്ററുമായി സഹകരിച്ച് ഈ മേഖലയിലുള്ള തന്റെ പരിചയം ഉപയോഗപ്പെടുത്തി പുതിയൊരു സിനിമ നിര്‍മ്മിക്കാനുള്ള തയാറെടുപ്പിലാണ് ഡൂണ്‍. യൂറോപ്പിലും ലോകത്തുമൊന്നടങ്കം ആസൂത്രിതമായി പ്രചരിക്കപ്പെടുന്ന ഇസ്‌ലാംപേടിക്കും, ഇസ്‌ലാമിന്റെ അന്യവല്‍ക്കരണത്തിനുമെതിരെയുള്ള സര്‍ഗാത്മക മറുപടിയായിരിക്കും ഈ സിനിമയെന്ന് ഡൂണ്‍ പറയുന്നു.

നഷ്ടപ്പെട്ടതോര്‍ത്ത് കരയരുത്‌<തര്‍ബിയത്ത്മു / ഹമ്മദുല്‍ ഗസ്സാലി‌>

ആരോ പറഞ്ഞിട്ടുണ്ട്, 'സൂര്യനു താഴെ പുതുതായി ഒന്നുമില്ല.' നീണ്ട കാലത്തെ മനുഷ്യ ചരിത്രം പരിശോധിക്കുമ്പോള്‍ അവരുടെ പ്രകൃതി, താല്‍പര്യങ്ങള്‍, സഹവാസം, അവര്‍ക്കിടയിലെ തര്‍ക്കങ്ങള്‍, അക്രമം, അനീതി, സന്ധി, സമാധാനം, ഉത്ഥാനപതനങ്ങള്‍, നാഗരിക വളര്‍ച്ച, തളര്‍ച്ച ഇതൊക്കെയും ഈ പരാമര്‍ശത്തെ ഒരര്‍ഥത്തില്‍ സാധൂകരിക്കുന്നുണ്ട്. മുന്‍ഗാമികളിലും പിന്‍ഗാമികളിലുമെല്ലാം ഈവക കാര്യങ്ങള്‍ നാം കണ്ടെത്തുന്നു. ഇത് കണക്കിലെടുത്താണ് ഭൂതകാല സംഭവവികാസങ്ങളെ അന്വേഷിക്കാനും മനസ്സിലാക്കാനും വിശ്വാസികളെ അല്ലാഹു ഉണര്‍ത്തിയത്. അത് തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ സമാശ്വാസമാവും. സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ നാം വിശകലനം ചെയ്യാറുണ്ടല്ലോ. അതുപോലെ കഴിഞ്ഞുപോയ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കലും വിലയിരുത്തലും നല്ലതാണ്. അല്ലാഹു പറഞ്ഞു: ''കണ്ണുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍ക്കൊള്ളുക'' (അല്‍ ഹശ്ര്‍ 2).
ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള വിശകലനം വര്‍ത്തമാനത്തെയും ഭാവിയെയും ശോഭനമാക്കും. വീഴ്ചകളില്‍നിന്ന് അകന്നുമാറി നേരെ ചൊവ്വെ നിലകൊള്ളാന്‍ നമ്മെ സജ്ജരാക്കും. വിവേകശാലിയായ വിശ്വാസി അങ്ങനെയായിരിക്കും. അല്ലാഹു പറഞ്ഞു: ''ഈ ജനം ഭൂമിയില്‍ സഞ്ചരിച്ചിട്ടില്ലെന്നോ, അവര്‍ക്ക് ഗ്രഹിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളും ഉണ്ടാകുന്നതിന്? എന്നാല്‍, ദൃഷ്ടികളല്ല അന്ധമാകുന്നത്, പ്രത്യുത, മാറിടങ്ങളിലുള്ള മനസ്സുകളാണ് അന്ധമാകുന്നത്.''
വിശുദ്ധ ഖുര്‍ആനില്‍ ധാരാളം ചരിത്ര കഥകളുണ്ട്. അവയിലൂടെ, കഴിഞ്ഞുപോയ നൂറ്റാണ്ടുകളിലെ സംഭവങ്ങളെ എന്നന്നേക്കുമായി അല്ലാഹു നിലനിര്‍ത്തിയിരിക്കുന്നു. ഒരോ കാലത്തെയും വിശ്വാസികളെയും അവിശ്വാസികളെയും അതിക്രമകാരികളുടെ അവസ്ഥകളെയും നിലപാടുകളെയും നന്മതിന്മകള്‍ തമ്മിലെ സംഘട്ടനങ്ങളെയുമെല്ലാം അത് വിശദീകരിക്കുന്നുണ്ട്. എല്ലാം നമുക്ക് ചിന്തിക്കുന്നതിനും മനസ്സിലാക്കുന്നതിനും വേണ്ടി. അല്ലാഹു പറഞ്ഞു: ''പൂര്‍വ ജനങ്ങളുടെ ഈ കഥകളില്‍, ബുദ്ധിയും തന്റേടവുമുള്ളവര്‍ക്ക് പാഠമുണ്ട്. ഖുര്‍ആനില്‍ വിവരിച്ചുകൊണ്ടിരിക്കുന്ന ഇവയൊന്നും വ്യാജവൃത്താന്തങ്ങളല്ല. പ്രത്യുത അതിനുമുമ്പ് അവതീര്‍ണമായിട്ടുള്ള വേദങ്ങളേതൊക്കെയാണോ, അവയെ സത്യപ്പെടുത്തുന്നതും സകല സംഗതികളുടെയും വിശദീകരണവും സത്യവിശ്വാസം കൈകൊണ്ട ജനത്തിനുള്ള സന്മാര്‍ഗവും ദൈവകാരുണ്യവുമാകുന്നു.''

ഈ പരിധിക്കുള്ളില്‍ നിന്നു കൊണ്ടാണ് ഭൂതകാലത്തെ സമീപിക്കേണ്ടത്. ഗുണപാഠം ആഗ്രഹിച്ചുള്ള തിരിഞ്ഞുനോട്ടമാണത്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഇന്നലെകളിലേക്കുള്ള മടക്കം ദുഃഖം പുതുക്കലോ, ഉണങ്ങിയ മുറിവുകള്‍ ചൊറിഞ്ഞു വീണ്ടും വ്രണമാക്കലോ അല്ല. മനസ്സിനെ പിടിച്ചുകുലുക്കിയ ദാരുണമായ സംഭവങ്ങള്‍ക്ക് ചുറ്റും 'എത്ര നന്നായിരുന്നു, അങ്ങനെയായിരുന്നുവെങ്കില്‍' എന്നൊക്കെ പറഞ്ഞ് അസ്വസ്ഥനായി കഴിയലുമല്ല. ഈ നിലപാട് ഇസ്‌ലാം വെറുക്കുന്നുണ്ട്. കപട വിശ്വാസികളുടെ സ്വഭാവമാണിത്. 
അല്ലാഹു പറഞ്ഞു. ''വാസ്തവത്തില്‍ അവര്‍ തങ്ങളുടെ ഹൃദയങ്ങളിലൊളിച്ചു വെക്കുന്നതിനെ താങ്കളോട് വെളിവാക്കുന്നില്ല. അവരുടെ മനസ്സിലിരുപ്പ് ഇതാകുന്നു. '(നേതൃത്വത്തിന്റെ) അധികാരങ്ങളില്‍ ഞങ്ങള്‍ക്ക് വല്ല പങ്കുമുണ്ടായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇവിടെ വധിക്കപ്പെടുമായിരുന്നില്ല.' അവരോട് പറയുക: നിങ്ങള്‍ സ്വവസതികളില്‍ തന്നെയായിരുന്നാലും മരണം വിധിക്കപ്പെട്ടവര്‍ തങ്ങളുടെ വധസ്ഥലങ്ങളിലേക്ക് സ്വയം പുറപ്പെട്ടുവരുന്നതാകുന്നു.''

''സ്വയം കുത്തിയിരിക്കുകയും, സമരത്തിനുപോയി ജീവന്‍ ത്യജിച്ച തങ്ങളുടെ സഹോദരന്മാരെക്കുറിച്ച് ഇവര്‍ ഞങ്ങളെ അനുസരിച്ചിരുന്നുവെങ്കില്‍ വധിക്കപ്പെടുമായിരുന്നില്ലല്ലോ എന്നു പറയുകയും ചെയ്യുന്നവരാണിവര്‍. പറയുക: നിങ്ങളിപ്പറയുന്നത് സത്യമാണെങ്കില്‍ മരണം നിങ്ങള്‍ക്ക് ആസന്നമാകുമ്പോള്‍ അതിനെയൊന്നു തടുത്തുകാണിക്കുവീന്‍.''
''നിങ്ങളില്‍നിന്ന് യുദ്ധനാളില്‍ പിന്തിരിഞ്ഞുപോയവരുണ്ടല്ലോ, അവരുടെ ഈ വീഴ്ചക്കു കാരണം, അവരുടെ തന്നെ ചില ദൗര്‍ബല്യങ്ങള്‍ നിമിത്തം പിശാച് അവരുടെ പാദങ്ങള്‍ ചഞ്ചലമാക്കിയതാകുന്നു. അല്ലാഹു അവര്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു.''

ഉഹുദു യുദ്ധത്തിനുശേഷം വിശ്വാസ ദൗര്‍ബല്യം ബാധിച്ച ചിലയാളുകള്‍ക്കാണ് ഇത്തരം നിലപാടുകളുണ്ടായിരുന്നത്. മക്കയിലെ മുശ്‌രിക്കുകളുടെ മുന്നേറ്റം മദീനക്കാര്‍ക്ക് ധാരാളം നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ഇസ്‌ലാമിനോട് പകയും വിദ്വേഷവും പുലര്‍ത്തുന്നവര്‍ക്ക് കുറ്റം കണ്ടെത്താനും നിര്‍വൃതിയടയാനും അത് അവസരമൊരുക്കി. ആ മുറിവുണക്കാന്‍ ധാരാളം ആയത്തുകള്‍ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്. വിപത്തുണ്ടായ സമയത്തെ മുസ്‌ലിംകളുടെ അവസ്ഥകള്‍ ആ സൂക്തങ്ങള്‍ അനാവരണം ചെയ്യുന്നുണ്ട്. ദൃഷ്ടികളെ ഭാവിയുമായി കൂട്ടിയിണക്കാനും ചിന്തകളെ കഴിഞ്ഞ കാലത്ത്‌നിന്നു തിരിച്ചുവിടാനും ഇന്നലെകളെയോര്‍ത്ത് ദുഃഖിച്ചും കരഞ്ഞും കഴിയുന്ന നിലപാട് അവസാനിപ്പിക്കാനും ഉണര്‍ത്തുന്നുണ്ട്. ധീരന്മാരുടെ നിലപാടല്ല അത്. വിശ്വാസത്തിന്റെ തേട്ടവുമല്ല. ഭാവിയുടെ സുരക്ഷയോര്‍ത്ത് കഴിഞ്ഞ കാലത്തെ വീഴ്ചകളുടെ കാരണങ്ങള്‍ മനസ്സിലാക്കണം. അതില്‍ നിന്നു കിട്ടുന്ന ഗുണപാഠങ്ങളാണ് നമ്മെ ചിന്താമഗ്നരാക്കേണ്ടത്. വിശുദ്ധ ഖുര്‍ആനും അതാണ് പഠിപ്പിക്കുന്നത്. പരാജയ കാരണങ്ങള്‍ ഖുര്‍ആന്‍ വളരെ സംക്ഷിപ്തമായാണ് സൂചിപ്പിച്ചതെന്ന് കാണാം. 

''നിങ്ങള്‍ ബലഹീനത പ്രകടിപ്പിക്കുകയും കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയും നിങ്ങള്‍ ഏറെ മോഹിച്ചിരുന്നതിനെ (സമരാര്‍ജിതധനം) നിങ്ങള്‍ക്കു അല്ലാഹു കാണിച്ചു തന്നതോട് കൂടി സ്വന്തം നായകനെ ധിക്കരിക്കുകയും ചെയ്തുകളഞ്ഞു.'' 


ഇനിയും നമുക്ക് ദുഃഖമുണ്ടാക്കിയേക്കാവുന്ന കാര്യങ്ങളെ നിസ്സാരമായി കാണുന്നതിനെതിരെ ഉപദേശിക്കുകയാണ്. ദുഃഖമാകുന്ന ചങ്ങലകള്‍ മനസ്സുകളെ വരിഞ്ഞുമുറുക്കിയാല്‍ നല്ല നിലയില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനോ, നന്മകള്‍ ആര്‍ജിക്കാനോ സാധിക്കില്ല. അപ്പോള്‍, നഷ്ടപ്പെട്ട വിഹിതത്തെക്കുറിച്ചോര്‍ത്ത് കവിളത്തടിച്ചും വസ്ത്രം വലിച്ചുകീറിയും കഴിയുന്നതില്‍ എന്ത് നേട്ടമാണുള്ളത്? വന്നുഭവിച്ച കാര്യങ്ങളില്‍ ചിന്തിച്ച് കുഴഞ്ഞിരിക്കുന്നത് മനോവിഷമങ്ങള്‍ അധികരിപ്പിക്കാനേ ഉതകൂ. ദുഃഖങ്ങള്‍ മായ്ച്ചുകളയുന്നതിനു പകരം അതിനെ ഇരട്ടിപ്പിക്കലായിരിക്കും അതിന്റെ ഫലം. അതിനാല്‍ 'ഇന്നി'ല്‍ നിന്ന് ശ്രമങ്ങള്‍ തുടങ്ങാം. അതില്‍ മാത്രമാണ് നന്മയും പകരവുമുള്ളത്.


ഉഹുദിനു ശേഷം ഇക്കാര്യം അല്ലാഹു ഉണര്‍ത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരെയോര്‍ത്ത് കരഞ്ഞവരോടും രണാങ്കണത്തിലേക്ക് പുറപ്പെട്ടതില്‍ ദുഃഖിച്ചവരോടും പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ വീടിനകത്ത് കഴിഞ്ഞു കൂടുകയാണെങ്കിലും നിങ്ങള്‍ക്ക് ആയുസ്സ് നീട്ടിത്തരുന്നതല്ല. ''നിങ്ങള്‍ സ്വവസതികളില്‍ തന്നെയായിരുന്നാലും മരണം വിധിക്കപ്പെട്ടവര്‍ തങ്ങളുടെ വധസ്ഥലങ്ങളിലേക്ക് സ്വയം പുറപ്പെട്ടുവരുന്നതാകുന്നു.''


എന്തിന്റെ പേരിലാണ് നാം കണ്ണുനീര്‍ പൊഴിക്കുന്നത്? പറന്നുയര്‍ന്ന വിമാനം ആകാശത്ത് വെച്ച് തകര്‍ന്നു വീഴുന്നു. അതിലുള്ളവരും വസ്തുക്കളുമെല്ലാം കത്തി ചാമ്പലാകുന്നു. ദൈവവിധിക്ക് മുമ്പില്‍ യാതൊരു തെറ്റും ചെയ്യാത്തവരും അതില്‍ അകപ്പെടുന്നു. ഈ ദുരന്തത്തെ ദൈവവിധിയായി മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്? അങ്ങനെ മനസ്സിലാക്കുകയാണെങ്കില്‍ മനസ്സമാധാനവും സംതൃപ്തിയും ഉണ്ടാകും. ഒരു ഹദീസിലുണ്ട്: ''നീ അല്ലാഹുവിനോട് സഹായം തേടുക, നീ അശക്തനാകരുത്. വല്ല പ്രയാസവും നിന്നെ ബാധിച്ചാല്‍ നീ പറയരുത്, ഞാന്‍ ഇതു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊക്കെ ആകുമായിരുന്നു എന്ന്. ഇങ്ങനെയാണ് നീ പറയേണ്ടത്: അല്ലാഹു തീരുമാനിച്ചതും ഉദ്ദേശിച്ചതും പ്രവര്‍ത്തിച്ചു. തീര്‍ച്ചയായും 'എങ്കില്‍' എന്നത് പിശാചിനു വാതില്‍ തുറക്കലാണ്'' (മുസ്‌ലിം). 
PRABHODHANAM(28 JUNE 20123)

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes